Thursday, 18 May 2017


സ്ത്രീ തന്നെ ധനം 

          "നിങ്ങൾ എന്തിനാ മനുഷ്യാ ഈ കിടന്നു വെപ്രാളം പിടിക്കുന്നത്‌.... ?? പെണ്ണ് കാണാൻ വന്നപ്പോളേ അവൻ പറഞ്ഞില്ലേ സ്ത്രീധനം ഒന്നും വേണ്ടാന്ന്.... ??"
.
അമ്മയുടെ സംസാരം കേട്ടപ്പോൾ ആണ് ഞാൻ അവരിലേക്ക്‌ ശ്രദ്ധിച്ചത്....
സംസാരം എന്റെ കല്യാണക്കാര്യം ആണ്. അതിന്റെ ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞിരുന്നു.
.
ശരിക്കും അഭിമാനം തോന്നുന്ന നിമിഷങ്ങളിൽ ആണ് ഞാൻ കഴിഞ്ഞിരുന്നത്. പെണ്ണ് ആലോചിച്ചു വന്നപ്പോളേ മനു ഏട്ടൻ പറഞ്ഞിരുന്നു സ്ത്രീധനം ഒന്നും വേണ്ടാ.. പെണ്ണിനെ മാത്രം മതി എന്ന്.. പക്ഷെ കല്യാണം ഏട്ടൻ ഗൾഫിൽ പോകുന്നതിനു മുന്നേ നടത്തണമെന്ന് മാത്രം....
.
എനിക്ക് കിട്ടാവുന്നതിൽ ഏറ്റവും നല്ല ബന്ധം ആയോണ്ടാവും കല്യാണം നടത്താൻ അച്ഛൻ സമ്മതിച്ചത് അന്ന് മുതൽ അച്ഛൻ പരിഭ്രമത്തിൽ ആണ്..
.
അമ്മയുടെ ചോദ്യം കെട്ടു വായിച്ചു കൊണ്ടിരുന്ന പത്രം താഴെ വെച്ചു കൊണ്ട് അച്ഛൻ പറഞ്ഞു..
.

" ഡി.... സ്ത്രീധനം ഒന്നും വേണ്ടാന്നു പറഞ്ഞാലും ഒരു ഇരുപത് പവൻ എങ്കിലും കൊടുക്കണ്ടേ.. ? അത് മാത്രമാണോ കല്യാണ ചിലവ്, വസ്ത്രങ്ങൾ , മണ്ഡപം, സദ്യ അങ്ങനെ നൂറു കൂട്ടം കാര്യങ്ങൾ ആണ്... ഏകദേശം ഒരു എട്ടു ലക്ഷം രൂപ എങ്കിലും ആകും .. എനിക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ല...."
.
അച്ഛൻ പറഞ്ഞു കേട്ടപ്പോൾ ആണ് കല്യാണം എത്ര വലിയ ഒരു കാര്യം ആണന്നു ഞാൻ മനസ്സിലാക്കിയത്.. കല്യാണം എന്ന് ചിന്തിക്കുമ്പോൾ എന്റെ മനസ്സിൽ സ്ത്രീധനം മാത്രമേ കടന്നു വന്നിരുന്നൊള്ളു....
.
അച്ഛൻ പറഞ്ഞത് അക്ഷരാർത്ഥത്തിൽ ശരി ആണ്... ഒരു കല്യാണം എന്ന് പറയുന്നത് സ്ത്രീധനം മാത്രമല്ല...... അതിനുമേൽ ഒരുപാട് ചിലവുകൾ ഉണ്ട്... പാവം എന്റെ അച്ഛനെകൊണ്ട് കൂട്ടിയാൽ കൂടുന്നതിലും അപ്പുറം.
.
കല്യാണം ഉറപ്പിച്ച അന്ന് മുതൽ അച്ഛൻ ശരിക്കൊന്നു ഉറങ്ങിയിട്ടില്ല.. ഉറക്കമുളച്ചു കണക്ക് കൂട്ടലുകൾ ആണ്. അച്ഛനെ ഞാൻ ഇങ്ങനെ കണ്ടിട്ടേയില്ല.... ജനിച്ച നാൾ മുതൽ അച്ഛൻ എനിക്കായി ഒന്നും സമ്പാദിച്ചിരുന്നില്ല.. ഒരു പൈസ പോലും എനിക്കായി മാറ്റി വെച്ചിരുന്നില്ല.... ഭാവിയെ പറ്റി ചിന്തിച്ചിരുന്നില്ല...

എന്നാൽ ഇന്ന് അച്ഛൻ കാശിനു വേണ്ടി ഓടി നടക്കുന്നത് കാണാൻ വയ്യ.. പലരോടും കടം ചോദിക്കുന്നുണ്ട്. ഒന്നും ശരി ആകുന്നില്ല..... ഊണും ഉറക്കവും കളഞ്ഞുള്ള അച്ഛന്റെ നെട്ടോട്ടം എന്നിൽ വേദന പടർത്തി... തനിക്ക് വേണ്ടിയാണല്ലോ അച്ഛൻ ഈ കഷ്ടപെടുന്നതെന്ന് ഓർത്തു ഞാൻ ശരിക്കും വിഷമിച്ചു.. അച്ഛൻ എന്നും വിശ്വസിച്ചിരുന്നത് ഈ നിമിഷത്തിൽ ആയിരുന്നു. ഭാവിയിലേക്ക് ഒന്നും കരുതാൻ ഒരു പാവം ഓട്ടോ ഡ്രൈവറിനു കഴിഞ്ഞിരുന്നില്ല... എന്നാൽ ആ വരുമാനത്തിലും എന്നെയും അനിയനെയും നന്നായി പഠിപ്പിക്കാനും ഞങ്ങൾക്ക് ആവിശ്യമായതെന്തും സാധിച്ചു തരാനും അച്ഛന്റെ ചെറിയ വരുമാനത്തിനായിരുന്നു.
ഒരുപക്ഷേ അതൊക്കെ ആവാം ഒരു കരുതൽ ധനം ഇല്ലാതെ പോയതും.
ദിവസങ്ങൾ കഴിയും തോറും അച്ഛൻ കൂടുതൽ കൂടുതൽ പൈസ ഉണ്ടാക്കുനുള്ള നെട്ടോട്ടം ഓടുകയായിരുന്നു. .
.
" അമ്മു.. ഇതു ഒരു മൂന്നുലക്ഷം രൂപയുണ്ട്. രണ്ടു ദിവസത്തിനകം കുറച്ചു സ്വർണം എടുക്കണം.. "
കൈയിലെ കവറിൽ പൊതിഞ്ഞ ഒരു കെട്ടു പണം എന്റെ കൈയിൽ ഏല്പ്പിച്ചു അച്ഛൻ പറഞ്ഞു.
" അച്ഛാ.... ഇത്..... എവിടുന്നു കിട്ടി... " ഒരു വിറയലോടെ ആ പണത്തിനായി കൈ നീട്ടി ഞാൻ ചോദിച്ചു..
.
" നമ്മുടെ ഈ പതിനഞ്ചു സെന്റും ഈ വീടും ഞാൻ ബാങ്കിൽ പണയം വെച്ചു മോളെ . നിനക്ക് ഒരു പ്രയോജനം ഇല്ലെങ്കിൽ ഈ വീട് കൊണ്ട് എന്ത് കാര്യമാണുള്ളത്.... ?, പിന്നെ കണ്ണനുള്ളത് അതോർത്ത് മോളു വിഷമിക്കണ്ട അവൻ ഒരാണ്കുട്ടി അല്ലെ......"
പറയുമ്പോൾ അച്ഛന്റെ കണ്ണിലും ഈറൻ അണിഞ്ഞിരുന്നു..
.
അച്ഛന് സ്വന്തമായി ഉള്ളത് ആ വീട് മാത്രം ആയിരുന്നു.. ആകെയുള്ള സാമ്പാദ്യം... എന്റെ കൈയിൽ അച്ഛൻ എല്പ്പിച്ച ആ പൈസക്ക് അച്ഛന്റെ നാൽപ്പത്തി അഞ്ചു വർഷത്തിന്റെ അധ്വാനത്തിന്റെ വിയപ്പിൻ ഗന്ധമായിരുന്നു.. അതിൽ എന്നോട് അണപൊട്ടി ഒഴുകുന്ന സ്നേഹത്തിന്റെ സ്വാദ് ഞാൻ തിരിച്ചറിഞ്ഞിരുന്നു... ആ പണം എന്നേ ചുട്ടു പൊള്ളിക്കുന്ന പോലെ...
.
ഫോൺ എടുത്തു മനു ഏട്ടനെ വിളിച്ചു ഞാൻ പറഞ്ഞു " ഒന്നു കാണണം... ഉച്ചകഴിഞ്ഞു.. "
.

മറുത്തൊന്നും ചോദിക്കാതെ മനുഏട്ടൻ ഉച്ച കഴിഞ്ഞു കാണാൻ വന്നു.....
.
" മനു ഏട്ടാ..... എന്നേ ശരിക്കും സ്നേഹിക്കുന്നുണ്ടോ ??"
.
മനു ഏട്ടൻ പതിയെ ഒന്നു പുഞ്ചിരിച്ചു..
" വട്ടായോ മോളെ.... ?? പിന്നെ
സ്നേഹിക്കാതെ ?
.
എന്റെ വീട്ടിൽ സമ്മതിച്ചില്ലായിരുന്നെങ്കിൽ എന്നേ രജിസ്റ്റർ വിവാഹം ചെയ്യുമായിരുന്നോ ?
.
" ഹിഹിഹി.... നീ ഇറങ്ങി വന്നാൽ ഇപ്പൊ കെട്ടിയെന്നു ചോദിച്ചാൽ പോരെ.. ??
മാളു നിന്നെ ഞാൻ അത്രയധികം ഇഷ്ടപ്പെടുന്നു"

മനു ഒരാലോചനയും കൂടാതെ പറഞ്ഞു...
"എന്നാൽ പിന്നെ വീട്ടുക്കാരുടെ സമ്മതത്തോടെ രജിസ്റ്റർ വിവാഹം ചെയ്യാം... ??"
.
എന്റെ ചോദ്യം കേട്ടു മനു ഏട്ടൻ ഒന്നു ഞെട്ടി.
.
"അമ്മു.... അത്.... "

ഏട്ടാ.... ഏതൊരു പെണ്ണിനേയും പോലെ എനിക്കുമുണ്ട് ജീവിതത്തിൽ ആകെ ഉള്ള കല്യാണം ആഘോഷമാക്കണമെന്നു.. അതിനായി ഒരുപാട് സ്വപ്നം കണ്ടതുമാണ്... പക്ഷെസ്ത്രീധനം വേണ്ടാന്നു വെച്ചാലും കല്യാണ ചിലവ് സാധരണ കുടുംബത്തിനു താങ്ങാൻ കഴിയുന്നതിനപ്പുറം ആണ്.. കേവലം ഒരു ദിവസത്തിന് വേണ്ടി ലക്ഷങ്ങൾ ചിലവാക്കിയാൽ ജീവിതം മുഴുവൻ കടം കയറിയ ഒരു അച്ഛനെ ഞാൻ കാണേണ്ടി വരും... വീട് കൂടി പണയത്തിൽ ആയാൽ.... അച്ഛൻ....
.
പറഞ്ഞു തീരുന്നതിനു മുന്നേ മനു ഏട്ടൻ എന്നേ കെട്ടി പിടിച്ചു.
.
" നല്ല തീരുമാനം.... ഇതൊരു മാത്യക ആവട്ടെ എല്ലാർക്കും... "

ആദ്യം രണ്ടു വീട്ടിലും ശക്തമായി എതിർത്തെങ്കിലും ഞങ്ങളുടെ നന്മയുള്ള തീരുമാനത്തെ ഏവരും അംഗീകരിച്ചു. കുറഞ്ഞ ചിലവിൽ സ്നേഹിച്ചവർ അനുഗ്രഹിച്ചു ഞങ്ങളുടെ വിവാഹം നടക്കുമ്പോൾ കുറച്ചു പരിഭവത്തോടണങ്കിലും കടത്തിൽ മുങ്ങാത്ത ഒരു അച്ഛന്റെ നിറമിഴികൾ എനിക്ക് കാണാമായിരുന്നു....
.
മനു ഏട്ടനെ ഒന്നു ചേർത്തു പിടിച്ചു ഞാൻ ചോദിച്ചു "സങ്കടമായോ ഏട്ടാ... ?? ഇങ്ങനെ ഒരു കല്യാണം ??"
.
നന്നായി മോളെ ഇല്ലെങ്കിൽ ഈ ജന്മം നിനക്ക് മാത്രമല്ല എനിക്കും സമധാനം നഷ്ടപ്പെട്ടനെ.... നീ ആണ് യഥാർത്ഥ മകൾ...
മനു ഏട്ടനെ പതിയെ പിന്നിലൂടെ കെട്ടി പിടിച്ചു എന്നിലേക്ക്‌ അടുപ്പിച്ചു ഞാൻ ആ കവിളിൽ ഒരു മുത്തം ഏകി....
.
NB : സ്ത്രീധനം വേണ്ടാന്നു വെച്ച ഒരുപാട് ആളുകളെ നമുക്ക് അറിയാം.. എന്നാൽ ഒരു കല്യാണം നടത്താനുള്ള ചിലവിനെ പറ്റി നാം ചിന്തിച്ചിട്ടുണ്ടോ.... എത്ര വേണ്ടാന്നു പറഞ്ഞാലും തന്റെ മകളെ ഇറക്കി വിടുമ്പോൾ ഒരു തരി പോന്നെങ്കിലും ആ കയ്യിലും കഴുത്തിലും ഇടാൻ ആഗ്രഹിക്കാത്ത ഏത് മാതാപിതാക്കൾ ഉണ്ട്..... ഒരു കല്യാണം നടത്തി കടത്തിൽ ആയ എത്രയോ ആളുകൾ ഈ സമൂഹത്തുണ്ട്.. ?? സ്ത്രീധനം വേണ്ടാന്നു വെക്കുമ്പോൾ ഒരു പെണ്കുട്ടിയുടെ മാതാപിതാക്കൾ താങ്ങേണ്ടി വരുന്ന ഭാരിച്ച കല്യാണ ചിലവു കൂടി ഓർക്കുക....

രചന: Malu Murali
Photography : Foxwedding

Sunday, 8 January 2017

ക്രിസ്തുമസ്

ചെറു വിവരണം 

ക്രിസ്തുമസ് ക്രിസ്തീയകലണ്ടർ പ്രകാരമുള്ള പുണ്യദിനമാണ് ‌. യേശു ക്രിസ്തുവിന്റെ ജനനമാണ്‌ ഈ ദിവസത്തിൽ അനുസ്മരിക്കപ്പെടുന്നത്‌. ലോകമെമ്പാടും ഡിസംബർ 25ആണ്‌ ക്രിസ്തുമസ്‌ ആയി കണക്കാക്കുന്നത്‌. എന്നാൽ ചില ക്രിസ്തീയ സഭകളിൽ മറ്റു ചില ദിവസങ്ങളിലാണ്‌ ഈ ആഘോഷം. ക്രിസ്തീയ ഭൂരിപക്ഷമുള്ള രാജ്യങ്ങളിൽ ക്രിസ്തുമസ്‌ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ്. എന്നാലിന്ന് മിക്ക ദേശങ്ങളിലും ഒരു മതവിഭാഗത്തിന്റെ പ്രത്യേക ആഘോഷം എന്നതിനുമപ്പുറം ക്രിസ്തുമസ് ഏവർക്കും സന്തോഷം പകരുന്ന ആഘോഷമായി മാറിയിട്ടുണ്ട്‌. മിക്ക സ്ഥലങ്ങളിലും പരസ്പരം സമ്മാനങ്ങൾ കൈമാറാനും ബന്ധങ്ങൾ പുതുക്കാനുമുള്ള അവസരമായാണ്‌ ഈ ദിവസം കണക്കാക്കപ്പെടുന്നത്‌. ക്രിസ്തുമസ് ആഘോഷങ്ങളും ആചാരങ്ങളും ഓരോ ദേശത്തും വ്യത്യസ്തവുമാണ്‌.

കത്തോലിക്കർ, പ്രൊട്ടസ്റ്റന്റ്‌ സഭകൾ, ഗ്രീക്ക്‌ ഓർത്തഡോക്സ്‌ സഭ, റുമേനിയൻ ഓർത്തഡോക്സ്‌ സഭ എന്നിവർ ഡിസംബർ 25നാണ്‌ ക്രിസ്തുമസ്‌ ആഘോഷിക്കുന്നത്‌. എന്നാൽ പൗരസ്ത്യ ക്രിസ്ത്യൻ ഓർത്തഡോക്സ്‌ സഭകളിൽ മിക്കവയും ജനുവരി ഏഴ്‌ യേശുവിന്റെ ജനനദിനമായി ആചരിക്കുന്നു. കോപ്റ്റിക്‌, ജറുസലേം, റഷ്യൻ, സെർബിയൻ, മാസിഡോണിയൻ, ജോർജിയൻ, യുക്രേനിയൻ ഓർത്തഡോക്സ്‌ സഭകൾ ഈ ഗണത്തിൽപ്പെട്ടവരാണ്‌. കലണ്ടർ രീതികളിൽ വരുത്തിയ പരിഷ്കാരങ്ങൾ മൂലമാണ്‌ ഇത്തര‍ത്തിൽ രണ്ടു തീയതികൾ ക്രിസ്തുമസ്സായി വന്നത്‌. ഏതായാലും ലോകത്തിന്റെ ബഹുഭൂരിപക്ഷം സ്ഥലങ്ങളിലും ഡിസംബർ 25 ആണ്‌ ക്രിസ്തുമസ്സായി ആഘോഷിക്കുന്നത്‌.

ക്രിസ്തുമസ്സിന്റെ ആചാരാനുഷ്ഠാനങ്ങളും ആഘോഷരീതികളും ദേശങ്ങൾക്കും കാലഘട്ടങ്ങൾക്കുമനുസരിച്ച്‌ വ്യത്യസ്തമാണ്‌. തികച്ചും മതപരമായ ആഘോഷങ്ങളേക്കാൾ മതേതരമായ രീതികൾക്കാണ്‌ ഇന്ന് മിക്ക രാജ്യങ്ങളിലും പ്രാമുഖ്യം കാണുന്നത്‌. ഏതായാലും ക്രിസ്തുമസ്സുമായി ബന്ധപ്പെട്ട മിക്ക അനുഷ്ഠാനങ്ങളും ജർമ്മനിയിൽനിന്ന് വന്നതാണെന്ന് പൊതുവേ കരുതപ്പെടുന്നു. ക്രിസ്തുമസ് മരം, പരസ്പരം സമ്മാനങ്ങൾ കൈമാറൽ എന്നിവ ഉദാഹരണം. ജർമ്മനിയിൽ ക്രിസ്തുമതം പ്രചരിക്കുന്നതിനുമുൻപ്‌ നിലവിലുണ്ടായിരുന്ന യൂൽ എന്ന ശൈത്യകാല വിശേഷദിനത്തിലെ ആചാരങ്ങളാണ്‌ പിന്നീട്‌ ക്രിസ്തുമസ്സിലേക്കും അനുരൂപണം ചെയ്തത്‌. 

ഒട്ടുമിക്ക ക്രിസ്തുമത വിഭാഗങ്ങളും ഡിസംബർ ആദ്യവാരത്തോടെ ക്രിസ്തുമസ്സിനുള്ള ഒരുക്കം തുടങ്ങും. കത്തോലിക്കാ വിശ്വാസികളുടെ ആരാധനക്രമത്തിൽ 'ആഗമന കാലം' എന്നാണിത്‌ അറിയപ്പെടുന്നത്‌. യേശുവിന്റെ ജനനത്തെപ്പറ്റിയുള്ള മംഗളവാർത്തയും പ്രവചനങ്ങളുമൊക്കെയാണ്‌ ഈ കാലഘട്ടത്തിൽ അനുസ്മരിക്കുന്നത്‌. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളിൽ ഒരു വിഭാഗം 25 ദിവസം നോമ്പെടുത്താണ്‌ ക്രിസ്തുമസ്സിനായി ഒരുങ്ങുന്നത്‌.മാംസം‍, മത്സ്യം, മുട്ട എന്നിവയിൽ ചിലതോ എല്ലാമോ വർജ്ജിക്കുകയാണ് പതിവ്‌. ക്രിസ്തുമസ്‌ തലേന്ന് (ഡിസംബർ 24) അർദ്ധരാത്രിയിലാണ്‌ ക്രിസ്തീയ ദേവാലയങ്ങളിൽ യേശുവിന്റെ പിറവി അനുസ്മരണ കർമ്മങ്ങൾ ആരംഭിക്കുന്നത്‌. ചിലയിടങ്ങളിൽ ഇതിനുപകരം ക്രിസ്തുമസ്‌ ദിനത്തിൽ തന്നെയാണ്‌ കർമ്മങ്ങൾ
മതേതരമായ ആഘോഷങ്ങൾക്കാണ്‌ ക്രിസ്തുമസ്‌ നാളുകളിൽ പ്രാമുഖ്യം. ക്രിസ്തുമത വിശ്വാസികൾ തുലോം കുറവായ ദേശങ്ങളിൽപ്പോലും ക്രിസ്തുമസ്‌ ആഘോഷങ്ങൾ നടക്കാറുണ്ട്‌.

സാന്റാക്ലോസ്‌ അപ്പൂപ്പൻ

ക്രിസ്തുമസ്‌ നാളുകളിൽ സാർവ്വദേശീയമായി നിറഞ്ഞു നിൽക്കുന്ന രൂപമാണ്‌ സാന്റാക്ലോസ്‌. നാലാം നൂറ്റാണ്ടിൽ ഏഷ്യാമൈനറിൽ ജീവിച്ചിരുന്ന സെന്റ്‌ നിക്കോളസ്‌ എന്ന പുണ്യചരിതനാണ്‌ സാന്റാക്ലോസായി മാറിയത്‌. ക്രിസ്തുമസ്‌ ഒരുക്കങ്ങളുടെ നാളുകൾക്കിടയിൽ ഡിസംബർ ആറിനാണ്‌ വിശുദ്ധ നിക്കോളസിന്റെ അനുസ്മരണദിനം. ഇക്കാരണത്താൽ ഡച്ചുകാർ സെന്റ്‌ നിക്കോളസിനെ ക്രിസ്തുമസ്‌ സമ്മാനങ്ങൾ വാരിവിതറുന്ന പുണ്യാത്മാവായി ചിത്രീകരിച്ചു തുടങ്ങി. ഡച്ചുകോളനികളിലൂടെ ഈ രീതി സാർവദേശീയമാവുകയും ചെയ്തു. സെന്റ്‌ നിക്കോളസ്‌ എന്നത്‌ ലോപിച്ച്‌ സാന്റാക്ലോസുമായി. ഇന്ന് സാന്റാക്ലോസ്‌ അപ്പൂപ്പൻ, ക്രിസ്തുമസ്‌ പപ്പാ, അങ്കിൾ സാന്റാക്ലോസ്‌ എന്നിങ്ങനെ പലപേരുകളിൽ അറിയപ്പെടുന്നു.

ആംഗ്ലോ-അമേരിക്കൻ പാരമ്പര്യമുള്ള നാടുകളിൽ സാന്റാക്ലോസിന്റെ വരവ്‌ പ്രത്യേകരീതിയിലാണ്‌. ഇവിടങ്ങളിലെ വിശ്വാസമനുസരിച്ച്‌ ക്രിസ്തുമസ്‌ തലേന്ന് പാതിരാത്രിയിൽ ശൈത്യകാല മാനുകൾ വലിക്കുന്ന വണ്ടിയിലാണ്‌ സാന്റാക്ലോസ്‌ എത്തുന്നത്‌. ഒരോവീടുകളുടെയും സിമ്മിനികളിലൂടെ അകത്തെത്തുന്ന സാന്റാ ആരും കാണാതെ സമ്മാനങ്ങൾ വിതറി തിരിച്ചുപോകുന്നു. അമേരിക്കയിലും യൂറോപ്യൻ നാടുകളിലും ഈ ഐതിഹ്യമാണ്‌ തലമുറകളായി നിലനിൽക്കുന്നത്‌. അതുകൊണ്ടുതന്നെ ക്രിസ്തുമസ്‌ നാളുകളിൽ വീടുകളിലെ ചിമ്മിനി അലങ്കാര ദീപ്തമാക്കുക, ശൈത്യകാല മാനുകളുടെ രൂപം അലങ്കരിച്ചു വയ്ക്കുക എന്നീ രീതികൾ പ്രചാരത്തിലുണ്ട്‌. സാന്റാക്ലോസ്‌ അപ്പൂപ്പൻ ക്രിസ്തുമസ്‌ തലേന്ന് ആരുമറിയാതെ വച്ചിട്ടുപോയ സമ്മാനങ്ങളാണെന്നു പറഞ്ഞാണ്‌ മതാപിതാക്കൾ കുട്ടികൾക്ക്‌ ക്രിസ്തുമസ്‌ സമ്മാനങ്ങൾ നൽകുന്നത്‌.കൂടുതൽ വിവരങ്ങൾ  അറിയുവാൻ ഇവിടെ ക്ലിക്ക് ചെയുക സാന്റാക്ലോസ്‌

ക്രിസ്തുമസ്‌ മരം

ദീപാലംകൃതമായ ക്രിസ്തുമസ് മരം
ക്രിസ്തുമസ്‌ ആഘോഷത്തിന്‌ ഒഴിച്ചുകൂടാൻ പറ്റാത്ത മറ്റൊരു ഘടകമാണ്‌ ക്രിസ്തുമസ്‌ മരം. ക്രിസ്തുമസിന്റെ ഈ സാർവദേശീയ പ്രതീകം ജർമ്മൻ പാരമ്പര്യത്തിൽ നിന്നുള്ളതാണ്‌. സ്വർഗ്ഗ രാജ്യത്തിലെ വിലക്കപ്പെട്ട മരത്തിന്റെ പ്രതിരൂപമായാണ്‌ ജർമ്മൻകാർ ക്രിസ്തുമസ്‌ മരത്തെ കണ്ടിരുന്നത്‌. ക്രിസ്തുമസ്‌ നാളുകളിൽ പിരമിഡ്‌ ആകൃതിയുള്ള മരങ്ങൾ അലങ്കരിക്കുന്ന ഈ രീതി കാലക്രമേണ മറ്റു ദേശങ്ങളിലേക്കും പടർന്നു. മരങ്ങളോ അല്ലെങ്കിൽ തൂപികാഗ്രികളോ ആണ്‌ ക്രിസ്തുമസ്‌ മരമൊരുക്കാൻ സാധാരണ ഉപയോഗിക്കുന്നത്‌. അലങ്കാരങ്ങൾക്കൊപ്പം ക്രിസ്തുമസ്‌ മരത്തിൽ സമ്മാനപ്പൊതികൾ തൂക്കിയിടുന്ന രീതിയും പ്രചാരത്തിലുണ്ട്‌. ക്രിസ്തുമസ് മരത്തിന്റെ ആകൃതിയിൽ മനുഷ്യർ ഒത്തുചേർന്ന് മനുഷ്യ ക്രിസ്തുമസ് മരം രുപീകരിക്കുന്ന രീതി പുതിയതായി കണ്ടുവരുന്നു. 2014 ൽ ഹോണ്ടൂറാസിൽ 2945 പേർ അണിനിരന്ന് രൂപം കൊടുത്ത ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ ക്രിസ്തുമസ് മരം എന്ന ഗിന്നസ് റിക്കോർഡ് 2015 ഡിസംബർ 19 ന് കേരളത്തിലെ ചെങ്ങന്നൂരിൽ 4030 പേർ ചേർന്ന് തിരുത്തുകയുണ്ടായി.

ക്രിസ്തുമസ്  നക്ഷത്രം

പ്രകാശപൂരിതമായ നക്ഷത്രം
ക്രിസ്തുമസ്‌ നാളുകളിൽ വീടുകളിൽ നക്ഷത്ര വിളക്കുകളിടുന്ന രീതി ചില രാജ്യങ്ങളിൽ നിലവിലുണ്ട്‌. കേരളത്തിലും ക്രിസ്തുമസ്സിന്റെ പ്രധാന അലങ്കാരങ്ങളിലൊന്നാണിത്‌. യേശുവിന്റെ ജനനമറിഞ്ഞു ബെത്‌ലഹേമിലേക്കു യാത്രതിരിച്ച ജ്ഞാനികൾക്ക്‌ വഴികാട്ടിയായ നക്ഷത്രത്തെയാണ്‌ നക്ഷത്രവിളക്കുകൾ തൂക്കി അനുസ്മരിക്കുന്നത്‌.

പുൽക്കൂട്‌

ഹൗസ്ബോട്ടിന്റെ മാതൃകയിലുള്ള പുൽക്കൂട്
ബെത്‌ലഹേമിലെ കാലിത്തൊഴുത്തിൽ ഉണ്ണിയേശു പിറന്നുവെന്ന വിശ്വാസത്തെ പിൻപറ്റിയാണ്‌ ക്രിസ്തുമസ്സിന്‌ പുൽക്കൂടൊരുക്കുവാൻ തുടങ്ങിയത്‌. ക്രിസ്തുവർഷം ഒന്നാം നൂറ്റാണ്ടുമുതൽ ഈ രീതി നിലനിന്നിരുന്നതായി കരുതപ്പെടുന്നു. എന്നാൽ 1223ൽ വിശുദ്ധ ഫ്രാൻസിസ്‌ അസീസിഒരുക്കിയ പുൽക്കൂടാണ്‌ ഈ ആചാരത്തെ സാർവത്രികമാക്കിയത്‌. പ്രകൃതി സ്നേഹിയായിരുന്ന ഫ്രാൻസിസ്‌ ജീവനുള്ള മൃഗങ്ങളുമായി യഥാർഥ കാലിത്തൊഴുത്താണ്‌ അവതരിപ്പിച്ചത്‌. ഏതായാലും പുൽക്കൂട്ടിലെ വിനയത്തിന്റെ സന്ദേശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യവുമായി അദ്ദേഹമൊരുക്കിയ പുൽക്കൂട്‌ ലോകവ്യാപകമായി. ക്രിസ്തീയ ഭവനങ്ങളിൽ ക്രിസ്തുമസ്സുമായി ബന്ധപ്പെട്ട എല്ലാവരുടെയും ചെറുരൂപങ്ങൾ അണിനിരത്തി പുൽക്കൂട്‌ ഒരുക്കുന്നു. ഉണ്ണിയേശു, അമ്മ മേരി, ജോസഫ്‌, ജ്ഞാനികൾ, ആട്ടിടയന്മാർ എന്നിവരുടെ രൂപങ്ങളാണ്‌ പ്രധാനമായും ഉപയോഗിക്കുന്നത. 

 ക്രിസ്തുമസ്‌ കാർഡുകൾ

                                                     ലോകത്തിൽ ആദ്യമായി നിർമ്മിക്കപ്പെട്ടതായി 
അറിയപ്പെടുന്ന ക്രിസ്തുമസ് കാർഡ്
ക്രിസ്തുമസ്‌ ആശംസാ സന്ദേശങ്ങളടങ്ങിയ ക്രിസ്തുമസ്‌ കാർഡുകളാണ്‌ ഈആഘോഷത്തിന്റെ പ്രത്യേകത. അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി; ഭൂമിയിൽ സന്മനസുള്ളവർക്ക്‌ സമാധാനം; എന്ന വാക്കാണ്‌ ക്രിസ്തുമസ്‌ കാർഡുകളിലേക്ക്‌ പടരുന്നത്‌. ഈ ആഘോഷരീതി ഇന്ന് തികച്ചും മതേതരമായിട്ടുണ്ട്‌. നൂറ്റാണ്ടുകളോളം യേശുവിന്റെ ജനനത്തെ സൂചിപ്പിക്കുന്ന ചിത്രങ്ങളാണ്‌ കാർഡുകളിൽ പതിപ്പിച്ചിരുന്നത്‌. എന്നാൽ ക്രിസ്തുമസ്‌ ആഘോഷത്തെ കൂടുതൽ ജനകീയമാക്കുവാൻ ഇന്ന് മതപരമായ ചിത്രങ്ങൾ ഒഴിവാക്കിയാണ്‌ ക്രിസ്തുമസ്‌ കാർഡുകൾ അണിയിക്കുന്നത്‌.1846 -ലാണ് ആദ്യ ക്രിസ്തുമസ്‌ കാർഡ് ഉപയോഗിച്ചിട്ടുള്ളത്

തപാൽ സ്റ്റാമ്പുകൾ

ക്രിസ്തുമസ്‌ കാർഡുകൾ ജനകീയമായതോടെ ആശംസാകാർഡുകളയക്കാൻ വേണ്ട തപാൽ സ്റ്റാമ്പുകളിലേക്കും ക്രിസ്തുമസ്‌ ചിഹ്നങ്ങൾ വ്യാപിച്ചു. ഇന്ന് ഒട്ടുമിക്ക രാജ്യങ്ങളിലും ക്രിസ്തുമസ്‌ ചിത്രങ്ങൾ പതിപ്പിച്ച സ്റ്റാമ്പുകൾ